മുഴപ്പിലങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് (ടി.കെ. ദാമോദരൻ – 80) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ഓഗസ്റ്റ് 18-ന് രാത്രി കണ്ണൂരിൽനിന്ന് ബസ് ഇറങ്ങി മുഴപ്പിലങ്ങാട് മരത്തിന് സമീപം ദേശീയപാത മുറിച്ചുകടക്കവെ വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാലസാഹിത്യം, നാടകം, തിരക്കഥ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ നിര്യാണത്തിൽ സാംസ്കാരിക ലോകം അനുശോചനം രേഖപ്പെടുത്തി.
