തലശ്ശേരി: കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നിട്ടൂർ കുന്നോത്ത് സ്വദേശി അവിനാഷ് ചന്ദ്രൻ അന്തരിച്ചു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി നാടൊന്നാകെ കൈകോർത്ത് സഹായം എത്തിച്ചിട്ടും പ്രിയയുവാവിനെ ജീവനിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചില്ല.
അവിനാഷിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് 50 ലക്ഷത്തോളം രൂപ സമാഹരിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്കായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ ആരോഗ്യാവസ്ഥ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അവിനാഷിന്റെ അപ്രതീക്ഷിത വേർപാടിൽ നടുക്കത്തിലും തീരാദുഃഖത്തിലുമാണ് നിട്ടൂർ ഗ്രാമം.
