തലശ്ശേരി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് കെട്ടിപ്പടുത്ത സകലവിധ നേട്ടങ്ങളെയും അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി ട്രഷറർ വി.എ. നാരായണൻ ആരോപിച്ചു. വർഗീയതയിലൂടെ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന ഭരണകൂടത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് രാജ്യത്തുടനീളം തുടക്കമായിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ നയിച്ച സ്വാതന്ത്ര്യദിന സന്ദേശ യാത്ര പുതിയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കെ. സുരേശൻ, സുശീൽ ചന്ത്രോത്ത്, പി.വി. രാധാകൃഷ്ണൻ, എ. ഷർമിള, ജെതീന്ദ്രൻ കുന്നോത്ത് എന്നിവർ സംസാരിച്ചു.
ചാലിൽ ഇന്ദിരാ പാർക്കിൽ നടന്ന സന്ദേശ യാത്രയുടെ സമാപന സമ്മേളനം മുൻ കെ.പി.സി.സി സെക്രട്ടറി വി.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. അനസ് ചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാഥാ ലീഡർ എം.പി. അരവിന്ദാക്ഷൻ, കെ.വി. രജീഷ്, എം. നസീർ, എൻ. അഷറഫ്, കെ.പി. രാഗിണി, കെ.ഇ. പവിത്ര രാജ് എന്നിവർ സംസാരിച്ചു.
