തലശ്ശേരി : 2026-27 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വടകര ലോക്‌സഭാ മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണത്തിനായി 3 കോടി രൂപ അനുവദിച്ചതായി ഷാഫി പറമ്പിൽ എം പി അറിയിച്ചു. വിദ്യാലയങ്ങളിലെ ഐ.ടി പഠനവും ഡിജിറ്റൽ സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമവും ആധുനികവുമാക്കുക എന്ന ലക്ഷ്യത്തോടെ എം പി നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് തുക വകയിരുത്തിയത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 150 സ്കൂളുകൾക്ക് ഐ.ടി ഉപകരണങ്ങൾ വാങ്ങുന്നതിനായി 3 കോടി രൂപ വിനിയോഗിക്കും. കോഴിക്കോട് ജില്ലയിലെ വടകര പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന 125 സ്കൂളുകൾക്കും കണ്ണൂർ ജില്ലയിലെ 25 സ്കൂളുകൾക്കുമാണ് ആദ്യഘട്ടത്തിൽ തുക അനുവദിച്ചിട്ടുള്ളത്. പൊതുവിദ്യാലയങ്ങളിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിച്ച് വിദ്യാർത്ഥികൾക്ക് ഹൈടെക് പഠനസൗകര്യം ഉറപ്പാക്കാൻ ഇത് സഹായിക്കും.
വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ മണ്ഡലത്തിലെ ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്കായി ഷാഫി പറമ്പിൽ എം പി നടപ്പിലാക്കുന്ന 'സൗഹൃദ സ്പർശം' പദ്ധതി വഴി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വാങ്ങുന്നതിനായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം മണ്ഡലത്തിലെ ഉന്നതികളുടെ ഭൗതികവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് എം പി ആവിഷ്കരിച്ച 'അഭിമാനോന്നതി' പ്രോജക്ടിന്റെ ഭാഗമായി 1.25 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തുക വകയിരുത്തി.
മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ ആധുനികവൽക്കരണത്തോടൊപ്പം പിന്നാക്ക-ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് സമഗ്രമായ വികസനമാണ് വടകരയിൽ നടപ്പിലാക്കി വരുന്നതെന്ന് എം പി ഓഫീസ് അറിയിച്ചു.
