വടകര: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻ ഷോട്ട് കേസില്‍ ഡി.വൈ.എഫ്.ഐ.വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി.
മുൻകൂർ ജാമ്യമുള്ളതിനാല്‍ ചോദ്യം ചെയ്ത ശേഷം റിബേഷിനെ വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ചോദ്യംചെയ്യല്‍. കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍.
നേരത്തേ രണ്ടു തവണ റിബേഷിനെ ചോദ്യം ചെയ്യലിന് അന്വേഷണ സംഘം വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍, അന്ന് ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
പിന്നീട് പ്രതിപ്പട്ടിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന്, ജൂലായ് 17-ന് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി റിബേഷിന് മുൻകൂർ ജാമ്യം അനുവദിച്ചു.
ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം റിബേഷിന് നോട്ടീസ് നല്‍കിയത്. വിവാദ സ്‌ക്രീൻഷോട്ട് ആദ്യം വ്യാപകമായി ഷെയർ ചെയ്തവരില്‍ റിബേഷുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
വർഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണമാണ് ഇയാള്‍ നടത്തിയതെന്നും പോലീസ് പറയുന്നു. കേസില്‍ അറസ്റ്റിലായ ജിതിൻ ഭാസ്‌കറാണ് റിബേഷിന് സ്‌ക്രീൻഷോട്ട് കൈമാറിയതെന്നും റിബേഷ് ഇത് പല ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
