വടകര: നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള വീടിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞ് വീണത്.
കരിങ്കൽ ഉപയോഗിച്ച് മതിൽ പണിയുന്നതിനിടെ പെട്ടെന്ന് ഇടിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു.
പുത്തൂർ സ്വദേശി ശശി, ഇളയടം സ്വദേശി അജിത എന്നിവർക്കാണ് പരിക്കേറ്റത്. കല്ലിനിടയിൽ കുടുങ്ങിയ തൊഴിലാളികളെ പ്രദേശവാസികളും വീട്ടുകാരും ചേർന്ന് വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ ശശിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശശിയുടെ കാലിനാണ് ഗുരുതര പരിക്ക്.
സാരമായി പരിക്കേറ്റ അജിത വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ തകർന്ന മതിൽ പുനർനിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
