തലശ്ശേരി മുസ്‌ലിം അസോസിയേഷനുമായി ദീർഘകാലത്തെ ബന്ധമുണ്ടായിരുന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ അനുസ്മരണ സദസ്സ് ടി എം എ ലൈബ്രറി ഹാളിൽ വച്ച് നടന്നു. ചരിത്രാന്വേഷകനും കർഷകനും ഇസ്‌ലാമിക ചിന്തകനുമായിരുന്ന വി കെ കുട്ടുസാഹിബ്, മുതിർന്ന പത്രപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന കെ കെ മുഹമ്മദ് സാഹിബ്, കാന്തലാട്ട് ജുമുഅത്ത് പള്ളി ട്രഷററും പൗരപ്രമുഖനുമായിരുന്ന ഹാജി എം എ പി അഹമ്മദ് കേയി എന്നിവരെയാണ് ചടങ്ങിൽ അനുസ്മരിച്ചത്.
പ്രൊഫ. എ പി സുബൈർ, പി പി അബ്ദുറഹിമാൻ പെരിങ്ങാടി എന്നിവർ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി. മരണപ്പെട്ടുപോയ വ്യക്തികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ സമൂഹത്തിൽ എപ്പോഴും സ്മരിക്കപ്പെടേണ്ടതുണ്ടെന്ന് പി പി അബ്ദുറഹിമാൻ പെരിങ്ങാടി തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. കാന്തലാട്ട് ജുമുഅത്ത് പള്ളി ഖത്തീബ് ഉബൈദുല്ല അസ്ഹരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ടി എം എ പ്രസിഡണ്ട് ഡോക്ടർ ടി പി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് റഫീഖ് സ്വാഗതവും എ പി റഹിം നന്ദിയും രേഖപ്പെടുത്തി.
