Zygo-Ad

ഹേമചന്ദ്രൻ കൊലക്കേസ്: ഹണി ട്രാപ്പ് മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍


സുല്‍ത്താൻ ബത്തേരി: വയനാട് പൂമല സ്വദേശി ഹേമചന്ദ്രൻ കൊലക്കേസില്‍ മുഖ്യ പ്രതിയായ യുവതി പിടിയില്‍. കണ്ണൂർ ഉളിക്കല്‍ സ്വദേശിനിയായ ലീബയാണ് പിടിയിലായത്.

കോഴിക്കോട് വിമാനത്താവളത്തില്‍ വച്ചാണ് ലീബ പിടിയിലായത്. ഇവർക്കെതിരെ നേരത്തെ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 പിടിയിലായ പ്രതിയെ മെഡിക്കല്‍ കോളേജില്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം വൈദ്യ പരിശോധന നടത്താനാണ് തീരുമാനം. ശേഷം ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. ഹേമചന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാനുള്ള ശ്രമത്തിനിടയിലാണ് കൊലപാതകം നടന്നത്. 

ലീബയാണ് ഇതിനായി ഹേമചന്ദ്രനെ വിളിച്ചു വരുത്തിയത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനത്തില്‍ കുഴിച്ചുമൂടിയെന്നാണ് കേസ്. കേസില്‍ നിലവില്‍ 5 പ്രതികള്‍ പിടിയിലായിട്ടുണ്ട്. നൗഷാദ്, ജ്യോതിഷ്, അജേഷ്, വെല്‍ബിൻ മാത്യു തുടങ്ങിയവരാണ് നേരത്തെ അറസ്റ്റിലായത്.

നിർണായകമായത് ഡി എൻ എ പരിശോധന

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 24 നാണ് വയനാ‍ട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ട് പോയത്. ജൂണിലാണ് മൃതദേഹം തമിഴ്നാട് ചേരമ്പാടിയിലെ വനപ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തത്. ഡി എൻ എ പരിശോധനയിലാണ് ഹേമചന്ദ്രനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

 ഹേമചന്ദ്രന്‍റേത് കൊലപാതകമല്ല, ആത്മഹത്യയാണെന്ന വാദമാണ് മുഖ്യപ്രതി നൗഷാദ് വിദേശത്ത് നിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഉന്നയിച്ചത്. ആത്മഹത്യ ചെയ്തത് കണ്ടപ്പോള്‍ താനും സുഹൃത്തുക്കളും മൃതദേഹം കുഴിച്ചിട്ടു. മുപ്പതോളം പേര്‍ക്ക് ഹേമചന്ദ്രൻ പണം നല്‍കാനുണ്ടായിരുന്നു. 

പണം എവിടെ നിന്നും സംഘടിപ്പിക്കാൻ കഴിയില്ലെന്ന് വന്നപ്പോള്‍ കരാറില്‍ ഒപ്പിടീപ്പിച്ച്‌ ഹേമചന്ദ്രനെ വീട്ടില്‍ ആക്കിയതാണ് തങ്ങളെന്നുമാണ് നൗഷാദ് നേരത്തെ പറഞ്ഞത്. മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടിട്ടുണ്ട്.

 എന്നാല്‍ നൗഷാദിന്‍റെ വാദങ്ങള്‍ തള്ളിയ അന്വേഷണ സംഘം കൊല നടന്നത് നൗഷാദിന്‍റെ നേതൃത്വത്തില്‍ തന്നെയാണെന്നാണ് കോടതിയെ അറിയിച്ചത്.

വളരെ പുതിയ വളരെ പഴയ