തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. പുന്നോൽ കുറിച്ചിയിൽ സ്വദേശി റഫീഖ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൾ അഹദിനെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ വെച്ചാണ് 2.081 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലാകുന്നത്.
തലശ്ശേരി സബ് ഇൻസ്പെക്ടർ വി വി ദീപ്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരുന്നു.
