ധർമ്മടം: പാലയാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ബൈക്കിലെത്തി കടന്നാക്രമണത്തിന് ശ്രമിച്ച മധ്യവയസ്കനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ഗുണ്ടി സ്വദേശി വി. മുഹമ്മദ് അൻസാരിയാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പാലയാട് ചിറക്കുനി ഭാഗത്തുനിന്നും വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ബൈക്കിലെത്തി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ മധ്യസ്ഥ ശ്രമവുമായി ഉന്നതർ ഇടപെട്ടെങ്കിലും പെൺകുട്ടി പരാതിയിൽ ഉറച്ചുനിന്നതോടെ രാത്രിയോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പ്രതിയെ രാത്രി തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
