കണ്ണൂർ: ഇന്ധന ദുരുപയോഗം തടയാൻ എന്ന പേരിൽ കേന്ദ്രസർക്കാർ ജൂൺ 11 ന് ഇറക്കിയ പുതിയ ഉത്തരവ് മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടുത്ത ദുരിതത്തിലായെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ്സ്. വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലോ പെസോ (PESO) അംഗീകൃത കണ്ടെയ്നറുകളിലോ മാത്രമേ ഇന്ധനം നൽകാവൂ എന്നും, ഒരാൾക്ക് ഒരു ദിവസം 200 ലിറ്ററിൽ കൂടുതൽ ഇന്ധനം നൽകരുതെന്നുമാണ് കേന്ദ്രസർക്കാർ പമ്പുകൾക്ക് നൽകിയിരിക്കുന്ന പുതിയ നിർദ്ദേശം.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അവരുടെ വള്ളങ്ങളുമായി പമ്പുകളിൽ നേരിട്ടെത്തി ഇന്ധനം നിറയ്ക്കാൻ സാധിക്കാത്തതിനാൽ, കന്നാസുകളിൽ ഇന്ധനം വാങ്ങിയാണ് സാധാരണയായി വള്ളങ്ങളിൽ ഉപയോഗിക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലെ ട്രോളിംഗ് നിരോധന സമയത്താണ് പരമ്പരാഗത വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത്. എന്നാൽ ഇന്ധനം ലഭിക്കാത്ത സാഹചര്യം വന്നതോടെ ഇവർക്ക് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.
കേന്ദ്ര സർക്കാർ നിർദേശിച്ച പെസോ അംഗീകാരമുള്ള ടാങ്കറുകൾ കേരളത്തിൽ ഒരിടത്തും ലഭ്യമല്ല. എന്നിട്ടും ഈ ഉത്തരവ് കർശനമായി നടപ്പാക്കാൻ പമ്പുകളോട് നിർദ്ദേശിച്ചിരിക്കുന്നത് കേന്ദ്ര സർക്കാർ തുടരുന്ന മത്സ്യത്തൊഴിലാളി വിരുദ്ധ നയങ്ങളുടെ ഭാഗമാണെന്ന് സംഘടന കുറ്റപ്പെടുത്തി. അതിനാൽ, അടിയന്തരമായി സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി. പ്രഭാകരൻ, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അനസ് ചാലിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അവർ അറിയിച്ചു.
