Zygo-Ad

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം; തലശ്ശേരിയിൽ ബ്ലേഡ് ഉപയോഗിച്ച്‌ വയോധികന്റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയില്‍


തലശ്ശേരി: തലശ്ശേരിയില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രദേശത്തെ ഞെട്ടലിലാഴ്ത്തി.

ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ തലശേരി പുതിയ ബസ് സ്റ്റാൻഡിന്റെ ഒഴിഞ്ഞ ഭാഗത്താണ് സംഭവം നടന്നത്. നാസറും പ്രതിയായ ഷാഹിദും ഒരുമിച്ച്‌ ഇരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കു തർക്കമുണ്ടാവുകയും അത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു.

തർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച്‌ ഷാഹിദ് നാസറിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

രക്തത്തില്‍ കുളിച്ച നിലയില്‍ നാസറിനെ കണ്ട നാട്ടുകാർ ഉടൻ പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. തുടർന്ന് അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പടർന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി പൊലീസ് പ്രതിയായ ഷാഹിദിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

 ആക്രമണത്തിന് പിന്നിലെ യഥാർഥ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യംചെയ്യലിന് ശേഷമേ വ്യക്തമാകുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്. പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.

വളരെ പുതിയ വളരെ പഴയ