അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷൻ പുതുമോടിയിൽ അണിഞ്ഞൊരുങ്ങുന്നു. വടകര, മാഹി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് പിന്നാലെയാണ് തലശ്ശേരി സ്റ്റേഷനും അടിമുടി മാറുന്നത്. കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത അമൃത് ഭാരത് പദ്ധതി പ്രകാരം 13 കോടി രൂപ ചെലവഴിച്ചാണ് തലശ്ശേരിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇരു പ്ലാറ്റ്‌ഫോമുകളുടെയും പ്രവേശന കവാടങ്ങൾ ഇതിനകം തന്നെ ആകർഷകമായ രീതിയിൽ മാറ്റിക്കഴിഞ്ഞു. ഇതോടൊപ്പം കൊമേഴ്സ്യൽ ബുക്കിങ് ഓഫീസുകളുടെ നവീകരണവും പൂർത്തിയായിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകളിലെ പഴയ മേൽക്കൂരകൾ മാറ്റി സ്ഥാപിക്കുകയും, ശുചിമുറികൾ അത്യാധുനിക രീതിയിൽ പുതുക്കിപ്പണിയുകയും ചെയ്തു. കാത്തിരിപ്പ് കേന്ദ്രങ്ങളും യാത്രക്കാർക്കായി ആധുനികവൽക്കരിച്ചിട്ടുണ്ട്. സ്റ്റേഷന്റെ ഇരുവശങ്ങളിലുമുള്ള വാഹന പാർക്കിങ് കേന്ദ്രങ്ങളുടെ പണിയും പൂർത്തിയായി. രണ്ട് ഘട്ടങ്ങളിലായി നടന്നുവന്ന നവീകരണ പ്രവൃത്തികൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. അടുത്ത രണ്ട് മാസത്തിനകം പണികൾ പൂർണ്ണമായും പൂർത്തിയാകുമെന്നാണ് സൂചന. വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്ക് സമാനമായ രീതിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഷോപ്പുകൾ സ്റ്റേഷനിൽ സ്ഥാപിക്കാനും ആലോചനയുണ്ട്. 2023 ലാണ് ഈ പദ്ധതിയുടെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്.
എന്നാൽ, സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കുമ്പോഴും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുന്നില്ലെന്ന പരാതി ശക്തമാണ്. 1901-ൽ നിലവിൽ വന്ന തലശ്ശേരി റെയിൽവേ സ്റ്റേഷൻ, കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ ഏറ്റവും ആദ്യത്തെയും ഏറ്റവും കൂടുതൽ വരുമാനമുള്ളതുമായ സ്റ്റേഷനുകളിൽ ഒന്നാണ്. മുൻപ് ഒട്ടുമിക്ക ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നുവെങ്കിലും നിലവിൽ ഇതുവഴി കടന്നുപോകുന്ന പ്രധാനപ്പെട്ട 23 ട്രെയിനുകൾക്ക് തലശ്ശേരിയിൽ സ്റ്റോപ്പില്ല. മംഗളൂരു - ബംഗളൂരു രാമേശ്വരം ട്രെയിൻ, മംഗളൂരു - ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രഖ്യാപനങ്ങൾ ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് എത്തുന്നതിനായി യാത്രക്കാർക്ക് നടപ്പാത നിർമ്മിക്കണമെന്ന ദീർഘകാലത്തെ ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു


