Zygo-Ad

ബസില്‍ ലഹരി ക‌ടത്ത്; കോഴിക്കോട് യുവാവ് 6 കിലോ കഞ്ചാവുമായി പിടിയില്‍


സുൽത്താൻ ബത്തേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍.

ആറു കിലോ കഞ്ചാവും ഇയാളില്‍ നിന്ന് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കോഴിക്കോട് പടനിലം മീന്‍കുഴി പറമ്പില്‍ വീട്ടില്‍ ഷെഫീഖ് (23) കുടുങ്ങിയത്. മൈസൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന കർണാടക ആർടിസിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

ലഹരിക്കെതിരെയുള്ള കേരള പൊലീസിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും നടത്തിയ ഓപ്പറേഷനിലാണ് 5.785 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.

ഇയാള്‍ക്ക് എവിടെ നിന്ന് കഞ്ചാവ് ലഭിച്ചുവെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.

ഇയാളുടെ മടിയില്‍ വെച്ചിരുന്ന ബാഗിനുള്ളില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയില്‍ രണ്ട് വലിയ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പരിശോധനക്കായി പൊലീസ് ബസില്‍ കയറിയപ്പോള്‍ പരുങ്ങിയ ഷെഫീഖിനെ ചോദ്യം ചെയ്യുകയായിരുന്നു.

എസ്‌ഐ പി ജയപ്രകാശ്, എഎസ്‌ഐ ജയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മാര്‍ഷല്‍, വനിത സിവില്‍ പൊലീസ് ഓഫീസറായ സംഗീത തുടങ്ങിയവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ