Zygo-Ad

തലശ്ശേരി അമൃത വിദ്യാലയത്തിൽ അത്യാധുനിക ലാബ് പ്രവർത്തനം തുടങ്ങി: ക്രിയാസ് പാർക്ക് സജ്ജീകരിച്ച ലാബിൻ്റെ ഉദ്ഘാടനം പ്രൗഢമായി


തലശ്ശേരി: തലശ്ശേരി അമൃത വിദ്യാലയത്തിൽ ക്രിയാസ് പാർക്ക് സ്റ്റെം ഇന്നൊവേഷൻ ലാബിൻ്റെ സഹകരണത്തോടെ സജ്ജീകരിച്ച അത്യാധുനിക സ്കിൽ ആൻ്റ് ഇന്നൊവേഷൻ ലാബിന്റെ ഉദ്ഘാടനം പ്രൗഢമായി ഏകദേശം 2,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയ ലാബ് കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല സ്കിൽ ഇന്നൊവേഷൻ ലാബുകളിൽ ഒന്നായി മാറുകയാണ്.

നവീകരിച്ച ലാബിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ കളക്ടർ പി വിഷ്ണു രാജ് ഐ എ എസ് നിർവഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈനി ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. സംപൂജ്യ സ്വാമി അമൃത കൃപാനന്ദ പുരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സമാരാധ്യാമൃത ചൈതന്യ സ്വാഗതം പറഞ്ഞു. 

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. കെ എ ലത്തീഫ്, ഡി സി സി ജനറൽ സെക്രട്ടറി എം പി അരവിന്ദാക്ഷൻ, ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം എൻ ഹരിദാസൻ, മാധ്യമ പ്രവർത്തകൻ പി എം അഷ്റഫ് ,

ക്രിയാസ് പാർക്ക് ഡയറക്ടർമാരായ ടി പി റിലെഷ്, ടി എ ഷിംജ, ഓപ്പറേഷൻസ് മാനേജർ പി എം അർജുൻ, കോർഡിനേറ്റർ എ പി നിമിഷ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഭാവി നിർണായക വിദ്യാഭ്യാസത്തിലേക്കുള്ള ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പായാണ് ഈ സംരംഭം കണക്കാക്കപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് ചെറുപ്രായം മുതൽ തന്നെ വളർന്നു വരുന്ന സാങ്കേതിക വിദ്യകളിൽ പ്രായോഗിക പരിചയം ലഭ്യമാക്കുകയും, ഇന്നൊവേഷൻ അധിഷ്ഠിത പഠനത്തിന് ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്യുകയാണ് ലാബിന്റെ പ്രധാന ലക്ഷ്യം.

അമൃത വിദ്യാലയത്തിലെ ക്രിയാസ് പാർക്ക് സ്റ്റെം ലാബ് പ്രദേശത്തെ പ്രധാന ഭാവി പഠന കേന്ദ്രങ്ങളിലൊന്നാണ്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ഡ്രോൺസ്, 3-ഡി പ്രിന്റിംഗ്, ഡിസൈൻ തിങ്കിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയവ ഇവിടെ സജ്ജമാണ്.

ഇതൊരു സാധാരണ സാങ്കേതിക ലാബ് മാത്രമല്ല, വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത സമഗ്രമായ ഇന്നൊവേഷൻ ഇക്കോസിസ്റ്റമാണ്. ഹാൻഡ്സ്-ഓൺ ഉപകരണങ്ങൾ, പുസ്തകങ്ങൾ, ഘടനാപരമായ കരിക്കുലം, ഗൈഡഡ് പ്രോജക്ടുകൾ, ഇന്നൊവേഷൻ പ്രവർത്തനങ്ങൾ, പ്രായോഗിക പരിശീലനം, സർട്ടിഫിക്കേഷൻ അടിസ്ഥാനത്തിലുള്ള പഠന അവസരങ്ങൾ എന്നിവ ക്ലാസ് ഒന്നു മുതൽ ക്ലാസ് 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

ഈ കരിക്കുലം സിബിഎസ്ഇ മാർഗ നിർദ്ദേശങ്ങൾ, ദേശീയ വിദ്യാഭ്യാസ നയം 2020, സ്റ്റെം വിദ്യാഭ്യാസ തത്വങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

അക്കാദമിക് പഠനത്തോടൊപ്പം ഭാവിയിൽ ആവശ്യമായ സാങ്കേതിക കഴിവുകളും പ്രശ്നപരിഹാര ശേഷിയും വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.

ലാബിലൂടെ വിദ്യാർത്ഥികൾക്ക് സൃഷ്ടിപരമായി ചിന്തിക്കാനും, യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും, മാതൃകകൾ നിർമ്മിക്കാനും, പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കാനും, സ്വയം ഇന്നൊവേറ്റ് ചെയ്യാനുള്ള ആത്മവിശ്വാസം നേടാനും അവസരം ലഭിക്കും. 

അനുഭവ പരിചയ അധിഷ്ഠിത പഠനം, ടീം വർക്ക്, ശാസ്ത്രീയ ചിന്ത, ഡിജിറ്റൽ സാക്ഷരത, സംരംഭക മനോഭാവം എന്നിവ വിദ്യാർത്ഥികളിൽ വളർത്തുകയാണ് ലാബിന്റെ പ്രധാന ദൗത്യം.

വിദ്യാഭ്യാസം ഇന്ന് പാഠപുസ്തകങ്ങളിലും പരീക്ഷകളിലും മാത്രം ഒതുങ്ങുന്നതല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, റോബോട്ടിക്സ്, മറ്റ് വളർന്നു വരുന്ന സാങ്കേതിക വിദ്യകൾ എന്നിവ ലോകത്തെ വേഗത്തിൽ മാറ്റിമറിക്കുന്ന കാലഘട്ടത്തിൽ, കുട്ടികളെ ഭാവിക്കായി സജ്ജരാക്കുക എന്നത് അനിവാര്യമാണ്. ഈ സ്കിൽ ആൻ്റ് ഇന്നൊവേഷൻ ലാബ് അതിനായുള്ള പ്രായോഗികവും ദീർഘദർശിയുമായ ഒരു മുന്നേറ്റവുമാണ്.

വളരെ പുതിയ വളരെ പഴയ