Zygo-Ad

പാസ്പോർട്ട് സേവനങ്ങളുടെ അമിത ഫീസ് വർദ്ധന പുനഃ പരിശോധിക്കണം: ഷാഫി പറമ്പിൽ എംപി

 


ജൂലൈ ഒന്ന് മുതൽ നടപ്പാക്കാൻ പ്രഖ്യാപിച്ചിട്ടുള്ള പാസ്പോർട്ട് സേവന നിരക്കുകളിലെ ഭീമമായ വർദ്ധനവ് അടിയന്തരമായി പുനഃ പരിശോധിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഗൾഫിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ടും വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് ഇരയായും നട്ടംതിരിയുന്ന പാവപ്പെട്ട പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണ് ഈ ഫീസ് വർദ്ധനവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന തത്കാൽ പാസ്പോർട്ട്, സാധാരണ പാസ്പോർട്ട്, ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് എന്നിവയ്ക്ക് ഇന്ത്യയിലും വിദേശത്തും നൽകുന്ന സേവനങ്ങൾക്ക് ഇരട്ടിയിലധികമാണ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ഉൾപ്പെടെയുള്ള അനുബന്ധ സേവനങ്ങൾക്കും ഫീസ് കൂട്ടിയിട്ടുണ്ട്.

ഗൾഫിലെ സംഘർഷകാലത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിൽ നടത്തിയ കൊള്ള നിശബ്ദമായി നോക്കിനിന്ന കേന്ദ്രസർക്കാർ, ഇപ്പോൾ സ്വന്തം നിലയിൽ പ്രവാസികളെയും വിദേശത്ത് തൊഴിലന്വേഷിക്കുന്നവരെയും പിഴിയാൻ ശ്രമിക്കുകയാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. അതിനാൽ അന്യായമായ ഈ ഫീസ് വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വളരെ പുതിയ വളരെ പഴയ