കോഴിക്കോട് വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം ചരക്കുലോറിയുടെ ചക്രങ്ങൾക്കിടയിലേക്ക് എടുത്തുചാടിയ യുവാവ് മരണപ്പെട്ടു. കുറുമ്പയിൽ താഴോത്ത് മീത്തൽ പ്രമോദ് ആണ് മരിച്ചത്. നാല്പത്തിയെട്ട് വയസായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
റോഡിലൂടെ വന്ന ലോറിയുടെ പിൻചക്രങ്ങൾക്കിടയിലേക്ക് പ്രമോദ് പെട്ടെന്ന് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്. പ്രമോദിന്റേത് അപകടമരണമല്ലെന്നും ആത്മഹത്യയാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അപകടം നടന്ന ഉടനെതന്നെ നാട്ടുകാരും വടകര പൊലീസും ചേർന്ന് പ്രമോദിനെ വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രന്റെയും ലീലയുടെയും മകനാണ് മരിച്ച പ്രമോദ്. സഗിലയാണ് ഭാര്യ. പ്രിൻസ്, ഹരിപ്രിയ എന്നിവർ മക്കളാണ്.
