Zygo-Ad

ലോകകപ്പ് ഫുട്ബോളിൽ ചരിത്രനേട്ടവുമായി മലയാളി താരം; ഖത്തർ ദേശീയ ടീമിൽ ഇടം നേടി തലശ്ശേരിക്കാരൻ തഹ്സിൻ മുഹമ്മദ്

 


വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ മലയാളികൾക്ക് അഭിമാനമായി ഒരു മലയാളി താരം കൂടി ബൂട്ടണിയും. കണ്ണൂർ തലശ്ശേരി സ്വദേശിയായ തഹ്സിൻ മുഹമ്മദാണ് അമേരിക്കയിൽ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഖത്തർ ദേശീയ ടീമിൽ ഇടം നേടി ചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ ലോകകപ്പ് ഫുട്ബോൾ ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി താരം എന്ന റെക്കോർഡും ഈ പത്തൊൻപതുകാരൻ സ്വന്തമാക്കി.

കണ്ണൂർ സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്സിൻ ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. ഖത്തർ ലീഗിലെ പ്രമുഖ ക്ലബ്ബായ അൽ ദുഹൈലിന്റെ താരമായ തഹ്സിൻ, നേരത്തെ ഖത്തറിന്റെ അണ്ടർ 16, അണ്ടർ 17, അണ്ടർ 19 ദേശീയ ടീമുകൾക്കായും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഖത്തറിലെ പ്രശസ്തമായ ആസ്പയർ ഫുട്ബോൾ അക്കാദമിയിലൂടെയാണ് തഹ്സിൻ തന്റെ കളിമികവ് മെച്ചപ്പെടുത്തിയത്. മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ള പിതാവ് ജംഷീദാണ് തഹ്സിന്റെ പ്രധാന പ്രചോദനം.

പ്രധാനമായും ലെഫ്റ്റ് വിങ്ങിൽ കളിക്കുന്ന തഹ്സിൻ മുഹമ്മദ്, മികച്ച വേഗതയും പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് മുന്നേറാനുള്ള കഴിവും കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട കളിക്കാരനാണ്. ലോകകപ്പ് വേദിയിൽ ഖത്തർ ജേഴ്സിയിൽ ഈ മലയാളി താരം പന്തുരുട്ടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ ആരാധകർ.



വളരെ പുതിയ വളരെ പഴയ