തലശ്ശേരി: തലശ്ശേരി - കുട്ടിമാക്കൂൽ റൂട്ടിൽ മഞ്ഞോടിക്കടുത്ത് ലോറിയിലിടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. ബൈപ്പാസ് സർവീസ് റോഡിൽ നിന്നും അപകടകരമായ രീതിയിൽ മെയിൻ റോഡിലേക്ക് പ്രവേശിച്ച ടോറസ് ലോറിയിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. രാവിലെ ഏഴ് മണിയോടെ മഠം ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം.
തലശ്ശേരി - കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന അർജുൻ എന്ന ബസാണ് അപകടത്തിൽപെട്ടത്. മൂലക്കടവിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് തലശ്ശേരിയിലേക്ക് വരികയായിരുന്നു ബസ്. ഈ സമയത്താണ് ബൈപ്പാസിൽ പ്രവേശിക്കാനായി സർവീസ് റോഡിൽ നിന്നും ശ്രദ്ധിക്കാതെ ടോറസ് ലോറി മെയിൻ റോഡിലേക്ക് കയറിയത്. ബസ് വെട്ടിച്ചെങ്കിലും ലോറി ബസിന്റെ ഡോർ ഭാഗത്ത് ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ വയലിലേക്ക് മറിയുകയുമായിരുന്നു.
ബസിൽ യാത്രക്കാർ ഇല്ലാതിരുന്നതും ഇന്ധനം നിറയ്ക്കാൻ പോയ സമയത്തായതിനാലും വലിയൊരു ദുരന്തം ഒഴിവായി. ബസ് ജീവനക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ടോറസ് ലോറിയെ പിന്നീട് ടോൾ പ്ലാസയിൽ വെച്ച് പിടികൂടി.
