Zygo-Ad

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പാമ്പ്; കോഴിക്കോട്ട് റെയിൽവേ ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

 


കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ പാമ്പിനെ കണ്ടെത്തി. റെയിൽവേ ജീവനക്കാരനായ സ്മിത്തിന്റെ സ്കൂട്ടറിലാണ് പാമ്പ് ഒളിച്ചിരുന്നത്. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം സ്കൂട്ടർ സ്റ്റേഷനിൽ വെച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹാൻഡിലിന് സമീപം പാമ്പ് പതിയിരിക്കുന്നത് സ്മിത്തിന്റെ ശ്രദ്ധയിൽ പെട്ടത്.

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വീട്ടിൽ വിട്ട ശേഷമാണ് സ്മിത്ത് സ്വന്തം വീട്ടിലേക്ക് പോയത്. യാത്രയ്ക്കിടയിൽ കയ്യിൽ എന്തോ തണുപ്പ് തോന്നി നോക്കിയപ്പോഴാണ് പാമ്പ് ഹാൻഡിലിൽ നിന്ന് പുറത്തേക്ക് തലനീട്ടിയത് കണ്ട് സ്മിത്ത് ഞെട്ടിയത്. ഉടൻ തന്നെ വണ്ടി റോഡിൽ സൈഡാക്കി നിർത്തി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. വീഡിയോകളിൽ ഒക്കെ സമാന സംഭവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം നേരിട്ടുണ്ടായപ്പോൾ ഭയന്നുപോയെന്ന് സ്മിത്ത് പറയുന്നു.

ഉടൻ തന്നെ വനംവകുപ്പിന്റെ ആർആർടി ടീമിനെ വിളിച്ചെങ്കിലും ഫോണിൽ ലഭ്യമായില്ല. തുടർന്ന് പൊലീസിനെ വിളിച്ച് ആർആർടി നമ്പർ എടുക്കുകയായിരുന്നു. ഒടുവിൽ സ്മിത്തിന്റെ സുഹൃത്തുക്കൾ സ്ഥലത്തെത്തിയാണ് പാമ്പിനെ സ്കൂട്ടറിൽ നിന്നും പുറത്തെടുത്തത്.



വളരെ പുതിയ വളരെ പഴയ