കണ്ണൂർ: മുഴപ്പിലങ്ങാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മൊയ്‌തു പാലത്തിന് സമീപം ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത്.
മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ്സുകൾ നിയന്ത്രണം വിട്ട് പരസ്പരം കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ ഇരു ബസ്സുകളിലെയും യാത്രക്കാരെ ഉടൻ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
