തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിന്റെ ചുറ്റുമതിൽ ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിൽ അപകട ഭീഷണിയുയർത്തുന്നു. ധർമടം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും സിന്തറ്റിക് ട്രാക്കിലേക്കും പോകുന്ന പ്രധാന റോഡരികിലെ കരിങ്കൽ മതിലിന്റെ ഒരു ഭാഗമാണ് തകർച്ചയുടെ വക്കിലുള്ളത്. മതിലിന്റെ വലിയൊരു ഭാഗം റോഡിലേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലാണ്.
വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദിവസേന പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകാനായി ഈ പാതയെ ആശ്രയിക്കുന്നത്. സിന്തറ്റിക് ട്രാക്കിൽ പരിശീലനത്തിനെത്തുന്ന കായികതാരങ്ങളും കോളേജ് വിദ്യാർത്ഥികളും ഈ വഴിയാണ് യാത്ര ചെയ്യുന്നത്. കൂടാതെ സ്കൂൾ ബസുകളും ലൈൻ ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. വിവിധയിടങ്ങളിൽ സംരക്ഷണ ഭിത്തികളും ചുറ്റുമതിലുകളും തകർന്നുവീണ് അപകടങ്ങളുണ്ടായ സാഹചര്യത്തിൽ, ഈ മതിൽ എത്രയും വേഗം ബലപ്പെടുത്തുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അതേസമയം, ചുറ്റുമതിൽ പുനർനിർമിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനായുള്ള എസ്റ്റിമേറ്റ് നിലവിൽ ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭ്യമാകുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബ്രണ്ണൻ കോളേജിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കി മുഖച്ഛായ മാറ്റിയിരുന്നുവെങ്കിലും ചുറ്റുമതിലിന്റെ ഈ ഭാഗം ഇപ്പോൾ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
