Zygo-Ad

ധർമടം റെയിൽവേ സ്റ്റേഷൻ വികസനം: ജനകീയ പദ്ധതിയിൽ ദുരിതത്തിലായി ഒരു കൂട്ടം കുടുംബങ്ങൾ

 


ധർമടം റെയിൽവേ സ്റ്റേഷൻ വികസന പദ്ധതി അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒന്നാം പ്ലാറ്റ്ഫോമിന് പിറകുവശത്ത് താമസിക്കുന്ന അഞ്ചോളം കുടുംബങ്ങൾ കടുത്ത ദുരിതത്തിലായി. വർഷങ്ങളായുള്ള ജനകീയ ആവശ്യത്തിന് പിന്നാലെയാണ് ഇവിടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി സംരക്ഷണഭിത്തി നിർമിക്കുന്നതിനായി വലിയ തോതിൽ മണ്ണ് നിക്ഷേപിച്ചതോടെ പ്രദേശത്തെ സ്വാഭാവിക ജല ഒഴുക്ക് തടസ്സപ്പെട്ടതായി നാട്ടുകാർ ആരോപിക്കുന്നു.

ഇതിന്റെ ഫലമായി നേരിയ മഴ പെയ്താൽ പോലും വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇത് കാരണം പ്രദേശത്തുകാർക്ക് കാൽനടയാത്ര പോലും ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഘട്ടത്തിൽ നേരത്തെയും മഴയെത്തുടർന്ന് ഈ പ്രദേശം വെള്ളത്തിനടിയിലായിരുന്നു. അന്ന് റെയിൽവേ അധികൃതർ ഇടപെട്ട് താൽക്കാലികമായി ചാൽ കീറി വെള്ളക്കെട്ട് ഒഴുക്കിവിട്ടിരുന്നെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ല. പ്രദേശത്ത് ശാസ്ത്രീയമായ ഓവുചാൽ നിർമിക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.

ഇതിനുപുറമേ, സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ കൂറ്റൻ മരത്തടികൾ ഇപ്പോഴും പ്രദേശത്ത് തന്നെ ഉപേക്ഷിച്ച നിലയിലാണ്. ഇവയ്ക്ക് ചുറ്റും കാടുമൂടിയതോടെ പ്രദേശം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറുന്നുവെന്ന പരാതിയും ശക്തമാണ്.

അതേസമയം, പ്രദേശത്തെ വെള്ളക്കെട്ട് പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് പരിഹാരം കാണാനുള്ള നടപടികൾ ആരംഭിച്ചതായും റെയിൽവേ അധികൃതർ അറിയിച്ചു. ഓവുചാൽ നിർമാണത്തിനുള്ള നിർദ്ദേശം പാലക്കാട് റെയിൽവേ ഡിവിഷന് സമർപ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കനത്ത മഴ പെയ്യുന്നതിന് മുൻപ് തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും അധികൃതർ വ്യക്തമാക്കി.


വളരെ പുതിയ വളരെ പഴയ