തലശ്ശേരി കുടുംബകോടതി പരിസരത്ത് വനിതാ അഭിഭാഷകയ്ക്ക് നേരെ അതിഭീകരമായ ആക്രമണം ഉണ്ടായിരിക്കുന്നു. പരിക്കേറ്റ അഭിഭാഷക പി വി സോണിയെ തലശ്ശേരി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിളക്കോട്ടൂർ സ്വദേശി ദിവാകരൻ എന്നയാളെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ദിവാകരനും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് തലശ്ശേരി കോടതിയിൽ നടന്നു വരികയാണ്. കേസിൽ ഭാര്യയ്ക്ക് വേണ്ടി ഹാജരായത് അഡ്വക്കറ്റ് സോണിയായിരുന്നു. കുടുംബകോടതിയിലെ കൗൺസിലിംഗ് ഹാളിന് പുറത്ത് മറ്റൊരു അഭിഭാഷകയുമായി സോണി സംസാരിച്ചു കൊണ്ടിരിക്കെയാണ് ദിവാകരൻ ഇവരെ ആക്രമിച്ചത്. പ്രതി സോണിയുടെ മുഖത്ത് കുത്തുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. മർദ്ദനമേറ്റ് താഴെ വീണ അഭിഭാഷകയെ കോടതിയിലുണ്ടായിരുന്ന മറ്റു വക്കീലന്മാരും ആളുകളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
അതിക്രമത്തിന് ശേഷം പരിക്കുണ്ടെന്ന് കാണിച്ച് ദിവാകരനും തലശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. നടപടികളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഇയാൾ കളവായി കേസ് കൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബാർ അസോസിയേഷൻ ആരോപിച്ചു. തുടർന്ന് ആശുപത്രിയിൽ വെച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതി ഒരു അധ്യാപകനാണെന്നാണ് വിവരമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
കോടതി പരിസരത്ത് വെച്ച് അഭിഭാഷകയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ തലശ്ശേരി ബാർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. തലശ്ശേരി കോടതിയുടെ ചരിത്രത്തിൽ ഇന്നുവരെ ഒരു കക്ഷി അഭിഭാഷകനെ കയ്യേറ്റം ചെയ്യുന്ന സംഭവം ഉണ്ടായിട്ടില്ലെന്നും, വിഷയം അതീവ ഗൗരവകരമാണെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് കെ പി ഹരീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ പ്രതിക്കെതിരെ ശക്തവും കർശനവുമായ നിയമനടപടി സ്വീകരിക്കണമെന്ന് സീനിയർ അഭിഭാഷകൻ ജി പി ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു.
