Zygo-Ad

പോക്സോ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ


തലശ്ശേരി: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. 

കോടിയേരി മാടപ്പീടിക മമ്പള്ളിക്കുന്നിലെ കാട്ടിലെ പറമ്പത്ത് കെ പി ശ്രീജേഷിനെയാണ് പള്ളൂർ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ ചൊവ്വാഴ്ച പുതുച്ചേരിയിലെ പ്രത്യേക പോക്സോ കോടതിയിൽ ഹാജരാക്കും.

പള്ളൂർ പൂശാരി കോവിലിനടുത്ത ഫർണിച്ചർ കടയിലെ മുറിയിൽ വെച്ചാണ് പ്രതി പതിനാലുകാരിയെ ഉപദ്രവിച്ചത്. ഗ്ലാസ് പെയിന്റിങ് കലാകാരിയായ പെൺകുട്ടിക്ക് മരത്തിന്റെ ഫ്രെയിം തയ്യാറാക്കിത്തരാമെന്ന് പറഞ്ഞാണ് കുട്ടി നിലവിൽ ജോലി ചെയ്യുന്ന കടയിലേക്ക് വിളിപ്പിച്ചു വരുത്തിയത്.

 കുട്ടിയുടെ വീട്ടിൽ രണ്ടാഴ്ചയോളം പ്രതി ഫർണിച്ചർ ജോലി ചെയ്തിരുന്നു. ഈ സമയത്തുണ്ടായ പരിചയം പ്രതി ദുരുപയോഗം ചെയ്യുകയായിരുന്നു. കുട്ടി കടയിൽ കയറിയ ഉടൻ വാതിലടയ്ക്കുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് കേസ്.

കുട്ടി കടയിൽ കയറുന്നത് കണ്ട ബന്ധു, ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടി മടങ്ങി വരാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോൾ കുട്ടി അവിടെയില്ലെന്ന് പറഞ്ഞ് മടക്കി അയക്കാനാണ് പ്രതി ആദ്യം ശ്രമിച്ചത്. സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളിലെ മുറിയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പള്ളൂർ പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. തിങ്കളാഴ്ചയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 മാഹി കോടതിയിൽ നിന്ന് ട്രാൻസിറ്റ് പെർമിറ്റ് വാങ്ങിയ ശേഷമാണ് പുതുച്ചേരി സ്പെഷ്യൽ പോക്സോ കോടതിയിൽ ഹാജരാക്കാനായി കൊണ്ടു പോയത്. 

സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാഹി പൊലീസ് സിഐ പി എ അനിൽകുമാർ, പള്ളൂർ എസ്ഐ ജി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ