Zygo-Ad

എ ഐ റോബോട്ടിക്സും ഡ്രോൺ ടെക്നോളജിയും ഇനി അമൃത വിദ്യാലയങ്ങളിൽ; അധ്യാപകർക്കായി അഡ്വാൻസ്ഡ് സ്റ്റെം ട്രെയിനിംഗ് സംഘടിപ്പിച്ചു

 


തലശ്ശേരി: സിബിഎസ്ഇയുടെ ഭാവി കേന്ദ്രീകൃത വിദ്യാഭ്യാസ ദർശനത്തോടും ഡിജിറ്റൽ ഇന്ത്യ പദ്ധതിയോടും കൈകോർത്തുകൊണ്ട് അമൃത വിദ്യാലയങ്ങൾ അഡ്വാൻസ്ഡ് സ്റ്റെം വിദ്യാഭ്യാസത്തിലേക്ക് ചുവടുവെക്കുന്നു. ക്രിസ്പാർക്ക് ഷാഡ് ഇന്നവേഷൻ സെന്ററിന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി അമൃത വിദ്യാലയങ്ങളിലെ അധ്യാപകർക്കായി അഡ്വാൻസ്ഡ് സ്റ്റെം ഇൻസ്ട്രക്ടർ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. തലശ്ശേരി, കൂത്തുപറമ്പ്, കൊയിലാണ്ടി, കോഴിക്കോട് എന്നീ അമൃത വിദ്യാലയങ്ങളിലെ അധ്യാപകരാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

​തലശ്ശേരി അമൃത വിദ്യാലയത്തിലെ ഇന്നവേറ്റീവ് സ്റ്റെം ലാബിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ബ്രഹ്‌മചാരിണി സമാരാധ്യാമൃത ചൈതന്യജി ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾ നേരിടാൻ അധ്യാപകരെയും വിദ്യാർത്ഥികളെയും പുതിയ സാങ്കേതികവിദ്യകളിൽ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണെന്ന് അവർ ചടങ്ങിൽ വ്യക്തമാക്കി.

​പരിശീലനത്തിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, കോഡിംഗ്, ഡ്രോൺ ടെക്നോളജി, 3D ഡിസൈനിംഗ് ആന്റ് പ്രിന്റിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനവും ലൈവ് ഡെമോകളും അധ്യാപകർക്ക് നൽകി. കമ്പനി ഡയറക്ടർമാരായ റിലേഷ്, ഷിംജ എന്നിവരും നോയ്ഡയിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരും ചേർന്ന് ഭാവി ക്ലാസ്‌റൂം സാങ്കേതികവിദ്യകളെക്കുറിച്ച് അധ്യാപകർക്ക് മാർഗനിർദേശം നൽകി.

​അടുത്ത അക്കാദമിക് വർഷം മുതൽ തിരഞ്ഞെടുത്ത അമൃത വിദ്യാലയങ്ങളിൽ അഡ്വാൻസ്ഡ് സ്റ്റെം ലാബുകൾ, എ ഐ റോബോട്ടിക്സ് സംയോജിത പാഠ്യപദ്ധതികൾ, ഡ്രോൺ ടെക്നോളജി അധിഷ്ഠിത പഠന സംവിധാനങ്ങൾ എന്നിവ ആരംഭിക്കും. വിദ്യാർത്ഥികളിൽ പ്രശ്നപരിഹാര ശേഷിയും ഭാവി തൊഴിൽ നൈപുണ്യങ്ങളും വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

വളരെ പുതിയ വളരെ പഴയ