Zygo-Ad

സേവനത്തിന്റെ നിറവിൽ കെ.പി. അഷറഫ് മാസ്റ്റർ പടിയിറങ്ങുന്നു


തലശ്ശേരി: അധ്യാപനത്തിനൊപ്പം സാമൂഹിക സേവനവും വിദ്യാർത്ഥി ശാക്തീകരണവും ജീവിത ദൗത്യമായി ഏറ്റെടുത്ത കെ.പി. അഷറഫ് മാസ്റ്റർ 29 വർഷത്തെ സേവനത്തിന് ശേഷം മുബാറക്ക ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്നു.

1997-ൽ ഹിന്ദി അധ്യാപകനായി സർവീസിൽ പ്രവേശിച്ച അദ്ദേഹം ക്ലാസ് മുറികളിൽ അറിവ് പകർന്നുനൽകിയ അധ്യാപകൻ മാത്രമായിരുന്നില്ല. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനുമായി സ്കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾ, തൊഴിൽപരിശീലനങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് ജീവിതപാഠങ്ങൾ പകർന്നു.

പാലിയേറ്റീവ് രോഗികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും സഹായഹസ്തവുമായി അദ്ദേഹം എപ്പോഴും മുന്നിലുണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കും നേതൃത്വം നൽകി.

സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് തരിശായി കിടന്ന നാല് ഏക്കർ സ്ഥലത്ത് നെൽകൃഷി നടത്തി, വിളവെടുത്ത അരി “തലശ്ശേരി അരി” എന്ന പേരിൽ വിപണിയിലെത്തിച്ചതും ശ്രദ്ധേയമായ നേട്ടമായി. കൃഷിയിലൂടെ വിദ്യാർത്ഥികളിൽ തൊഴിൽ സംസ്കാരവും സാമൂഹിക ഉത്തരവാദിത്തബോധവും വളർത്താൻ അദ്ദേഹത്തിന് സാധിച്ചു.

കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പഠനം ഫലപ്രദമാക്കാൻ വിവിധ പരീക്ഷണങ്ങൾ നടത്തിയ അദ്ദേഹം വിദഗ്ധ അധ്യാപകരെ ഓൺലൈൻ ക്ലാസുകളിലേക്ക് എത്തിച്ച് വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കി. സബ്‌ജില്ല, ജില്ലാ, സംസ്ഥാന തലങ്ങളിൽ അധ്യാപക പരിശീലകനായും പ്രവർത്തിച്ചു.

2013-ൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൗട്ട് മാസ്റ്റർ പുരസ്കാരം നേടിയ അദ്ദേഹം, മാതൃഭൂമിയുടെ നന്മ പുരസ്കാരം സ്കൂളിന് ലഭിക്കുന്നതിൽ നന്മ കോ-ഓർഡിനേറ്ററായി നിർണായക പങ്കുവഹിച്ചു. നിലവിൽ സ്കൗട്ട്സ് & ഗൈഡ്സ് തലശ്ശേരി സബ്‌ജില്ല സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസത്തിന്റെയും സേവനത്തിന്റെയും വഴികളിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മനസ്സിൽ ഇടം നേടിയ കെ.പി. അഷറഫ് മാസ്റ്റർ പടിയിറങ്ങുമ്പോൾ, ഒരു അധ്യാപകന്റെ വിരമിക്കൽ മാത്രമല്ല, മാതൃകാപരമായ ഒരു സേവനയാത്രയുടെ സുവർണ അധ്യായമാണ് സമാപിക്കുന്നത്.


വളരെ പുതിയ വളരെ പഴയ