തലശ്ശേരി: എൻഡിഎ തലശ്ശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി ഒ. നിധീഷിന്റെ റോഡ് ഷോയിലാണ് സുരേഷ് ഗോപി പങ്കെടുത്തത്. ഉച്ചയോടെ കണ്ണൂർ എയർപോർട്ടിൽ എത്തിയ സുരേഷ് ഗോപിയെ ധർമ്മടം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ. രഞ്ജിത്തും തലശ്ശേരി, ധർമ്മടം മണ്ഡലങ്ങളിലെ പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരിച്ചു. പിണറായിയിൽ നടന്ന റോഡ് ഷോയിലും സുരേഷ് ഗോപി പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം തലശ്ശേരി രാമകൃഷ്ണ മന്ദിര പരിസരത്ത് നിന്ന് ഒ. നിധീഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാസിക് ഡോളിന്റെയും നിറപ്പകിട്ടാർന്ന ദൃശ്യങ്ങളുടേയും അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ നിരവധി പ്രവർത്തകരും അമ്മമാരും പങ്കെടുത്തു.
പൊള്ളുന്ന വെയിൽ ചൂടിലും സുരേഷ് ഗോപിയെ കാണാൻ റോഡിൻ്റെ ഇരുവശങ്ങളിലും ജനങ്ങൾ തടിച്ച്കൂടി. നഗരത്തിലെ സ്ഥാപനങ്ങളിലെ ജീവനക്കാരും സുരേഷ് ഗോപിയെ ഒരു നോക്ക് കാണാൻ എത്തി അദ്ദേഹത്തിന് കൈ വീശി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
തലശ്ശേരി ബസ് സ്റ്റാൻഡിൽ സമാപനത്തിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിക്ക് വിജയ അഭ്യർത്ഥന നടത്തി സംസാരിച്ചു.
2026ൽ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ജനങ്ങൾ ചിന്തിച്ചിട്ട് വേണം വോട്ട് ചെയ്യാൻ എന്ന് അദ്ദേഹം പറഞ്ഞു.
എൻ്റെ വോട്ട് ആർക്ക് എന്ന് സ്വന്തം കുടുംബത്തിൻ്റെ അസ്ഥിത്വം ഊന്നി നിൽക്കുന്ന മണ്ണിനു വേണ്ടി ആയിരിക്കണം ആരൊക്കെ ഈ മണ്ണിൽ ഒതുക്കും ആരൊക്കെ ഇത്രയും കാലം ഒതുക്കിയിട്ടില്ല എന്നതിനെക്കുറിച്ച് വ്യക്തമായ വിശകലനം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂരിൽ നിന്നും എൻഡിഎ ജനപ്രതിനിധികളെ നിയമസഭയിലേക്ക് അയച്ചാൽ കണ്ണൂരിലെ ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ്, വൈസ് പ്രസിഡണ്ട് കെ അജേഷ്, ജന: സെക്രട്ടറിമാരായ എ പി നിഷാന്ത്, അഡ്വ: മിലിചന്ദ്ര, കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒ സന്തോഷ് മണ്ഡലം ജന: സെക്രട്ടറിമാരായ എൻ. പി ശ്രീജേഷ്, കെ പി ശ്രീജിത്ത്, മണ്ഡലം ട്രഷറർ അജയ്കുമാർ സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ: വി. രത്നാകരൻ, സജീവൻ യദുകുലം, ബിജെപി കണ്ണൂർ സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് എം പി സുമേഷ്, ജില്ലാ ട്രഷറർ അനിൽകുമാർ ജില്ലാ സെക്രട്ടറിമാരായ പ്രീതപ്രദീപ്, പ്രവീണ. എം തുടങ്ങിയവർ നേതൃത്വം നല്കി
