തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഒ. നിധീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നശിപ്പിക്കപ്പെട്ടു. മേക്കുന്ന്, മനേക്കര, ചെമ്പാട്, പന്ന്യന്നൂർ, കതിരൂർ, മലാൽ, ഇല്ലത്തുതാഴെ തുടങ്ങിയ സ്ഥലങ്ങളിലാണ് ബോർഡുകൾ തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്.
തിരഞ്ഞെടുപ്പ് വേളയിൽ ബോധപൂർവ്വം സംഘർഷാവസ്ഥ സൃഷ്ടിക്കാനും ജനങ്ങളെ ഭീതിയിലാഴ്ത്താനുമുള്ള നീക്കമാണിതെന്ന് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ പാപ്പരത്വമാണ് ഇത്തരം പ്രവൃത്തികളിലൂടെ പ്രകടമാകുന്നതെന്നും, സാമൂഹ്യദ്രോഹികളെ നിയന്ത്രിക്കാൻ അതത് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
