കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലമർന്ന ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരുത്തുറ്റ സ്ഥാനാർത്ഥിയെ അണിനിരത്താൻ കോൺഗ്രസ് നീക്കം. കെ.പി.സി.സി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി. അബ്ദുൾ റഷീദിനെ ധർമ്മടത്ത് മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ആദ്യം തളിപ്പറമ്പിലായിരുന്നു റഷീദിനെ പരിഗണിച്ചിരുന്നതെങ്കിലും, അവിടെ സി.പി.എം വിട്ടുവന്ന ടി.കെ. ഗോവിന്ദന് പിന്തുണ നൽകാൻ തീരുമാനിച്ചതോടെയാണ് റഷീദിനെ ധർമ്മടത്തേക്ക് മാറ്റുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം 40,000-ത്തിൽ നിന്ന് 22,000-ലേക്ക് കുറയ്ക്കാൻ റഷീദിന് സാധിച്ചിരുന്നു.
അതേസമയം, ധർമ്മടത്ത് മൂന്നാം തവണയും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വമ്പിച്ച റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിടും. വൈകിട്ട് 3:30-ന് മട്ടന്നൂർ എയർപോർട്ട് മുതൽ പിണറായി വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. പത്ത് വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രി, വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ട് തേടുന്നത്. എന്നാൽ, ജില്ലയിൽ സി.പി.എം വിട്ട ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരുടെ സ്ഥാനാർത്ഥിത്വം പാർട്ടിക്കുള്ളിൽ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും മുഖ്യമന്ത്രി നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകാനാണ് സി.പി.എം തീരുമാനം. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ധർമ്മടത്തെ പോരാട്ടം അതീവ ശ്രദ്ധേയമാകും.
