എടക്കാട്: കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിന് സമീപത്തെ റിസോർട്ടിൽ നിന്നും മാരക ലഹരിവസ്തുവായ കഞ്ചാവുമായി യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കസ്റ്റംസ് റോഡ് സ്വദേശി കെ. സുനീർ, മാടപ്പീടിക സ്വദേശി പി.കെ. വിഷ്ണു, ടെമ്പിൾ ഗേറ്റ് സ്വദേശി ഫാത്തിമ ഹബീബ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഒന്നര കിലോയോളം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
എടക്കാട് എസ്.ഐ. കെ.എം. ഉണ്ണിമായയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. പ്രതികൾ താമസിച്ചിരുന്ന റിസോർട്ടിൽ ലഹരി ഇടപാട് നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണോ ഇവരെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
