മുഴപ്പിലങ്ങാട്: കൂറുമ്പക്കാവ് താലപ്പൊലി മഹോത്സവത്തിനിടെ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയും ഉത്സവം അലങ്കോലപ്പെടുത്തുകയും ചെയ്ത കേസിലെ മുഖ്യപ്രതി പൊലീസിന്റെ പിടിയിലായി. മുഴപ്പിലങ്ങാട് കൂടക്കടവ് മോഹനൻപീടിക സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ സി.പി. നൈൽ (44) ആണ് അറസ്റ്റിലായത്.
പൊലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. വാൻ ഡ്രൈവറായ നൈലിനെ എടക്കാട് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ എൻ. ദിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. എസ്ഐ വിജയകുമാർ, സിപിഒമാരായ ടി. നിപിൻ, കെ.എം. ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച്:
കൂടക്കടവ് വിവേകാനന്ദ നഗറിൽ നിന്നും കലശത്തോടൊപ്പം മദ്യപിച്ചെത്തിയ സംഘം ബോധപൂർവ്വം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മറ്റ് കലശക്കാരുടെ കൊടിക്കൂറകൾ നശിപ്പിക്കുകയും കാണികളെ മർദിക്കുകയും ചെയ്ത സംഘം, കളർപൊടി വിതറി മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു.
കാണികൾക്ക് നേരെ ചെരുപ്പും കുപ്പിയും കല്ലും വലിച്ചെറിഞ്ഞ അക്രമിസംഘം, ഇത് തടയാൻ ശ്രമിച്ച പൊലീസിനെയും ആക്രമിച്ചു. പൊലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു സംഘർഷസാഹചര്യത്തിൽ നിന്ന് നാടിനെ രക്ഷിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.