Zygo-Ad

നഴ്‌സുമാരുടെ സമരം; കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സംഘര്‍ഷം


കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സംഘര്‍ഷം. ആശുപത്രി അധികൃതരും നഴ്‌സിങ് വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പരിശീലന ക്ലാസെന്ന പേരില്‍ വിളിച്ചു വരുത്തി ജോലിക്ക് പ്രവേശിക്കാന്‍ നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. 

ജോലിക്ക് പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചു വിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് നഴ്‌സുമാരുടെ സംഘടനാ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.

സമരം ചെയ്യുന്ന നഴ്‌സുമാരെ മുറിയില്‍ പൂട്ടിയിട്ടതായും പരാതി ഉയര്‍ന്നു. കൂടാതെ, ചൊവ്വാഴ്ച എട്ട് മണിക്ക് മുന്‍പായി ഹോസ്റ്റല്‍ ഒഴിയണമെന്നും മെസ് സൗകര്യം നിര്‍ത്തലാക്കുമെന്നും കാണിച്ച്‌ മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയതായും നഴ്‌സുമാര്‍ ആരോപിക്കുന്നു. 

പുതുതായി ജോലിക്ക് കയറിയ നഴ്‌സുമാരെയാണ് അധികൃതര്‍ ക്ലാസ് ഉണ്ടെന്നും പറഞ്ഞ് വിളിച്ചു വരുത്തുകയും പൂട്ടിയിടുകയും ചെയ്തത്. സമരം സംബന്ധിച്ച്‌ നേരത്തെ നോട്ടീസ് നല്‍കിയതാണ്. എന്നാല്‍, വീട്ടുകാരെ അടക്കം വിളിച്ച്‌ ഭീഷണിപ്പെടുത്തുകയാണ് മാനേജ്‌മെന്റ് ചെയ്തതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്തെ 490 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് സമരമെങ്കിലും വാര്‍ഡ് ഡ്യൂട്ടികളില്‍ നിന്ന് നഴ്‌സുമാര്‍ വിട്ടുനില്‍ക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ