Zygo-Ad

ചെറുകല്ലായിൽ തെരുവ് നായയുടെ താണ്ഡവം: കുട്ടികളടക്കം നിരവധി പേർക്ക് കടിയേറ്റു

 


തലശ്ശേരി: ചെറുകല്ലായി ഗവ. എൽ.പി സ്കൂളിന് സമീപം ശനിയാഴ്ച വൈകുന്നേരമുണ്ടായ തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് പരിസരിക്കേറ്റു. വൈകുന്നേരം അഞ്ച് മണിയോടെയാണ് അക്രമാസക്തമായ നായ കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചു പരിക്കേൽപ്പിച്ചത്. വോളിബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേക്ക് ഓടിക്കയറിയ നായ അശ്വിൻ (17) എന്ന കൗമാരക്കാരനെയാണ് ആദ്യം ആക്രമിച്ചത്.

തുടർന്ന് സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയ നായ, മുറ്റമടിച്ചു കൊണ്ടിരുന്ന സ്ത്രീയെയും വീടിനുള്ളിൽ ഇരിക്കുകയായിരുന്ന ഇഷാനി (13) എന്ന പെൺകുട്ടിയെയും കടിച്ചു. ഇരുപതോളം കുട്ടികൾ ട്യൂഷൻ പഠിച്ചുകൊണ്ടിരുന്ന 'രജിതാലയം' എന്ന വീട്ടിലേക്കും നായ ഇരച്ചുകയറി. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ജിജേഷ് എന്ന യുവാവ് കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ നായയുടെ കടിയേറ്റു. കടിയേറ്റവർ മാഹി, തലശ്ശേരി ഗവൺമെന്റ് ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.

ആക്രമണത്തിന് ശേഷം നായയെ പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തി. ചത്ത നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന സംശയം നിലനിൽക്കുന്നതിനാൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. പ്രദേശത്തെ വളർത്തുനായ്ക്കൾക്കും മറ്റ് തെരുവ് നായകൾക്കും കടിയേറ്റിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.




വളരെ പുതിയ വളരെ പഴയ