തലശേരി: സൈക്കിൾ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ 13-വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചികിത്സിച്ച ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 15 ലക്ഷം രൂപ നഷ്ടപരിഹാരമായും 20,000 രൂപ കോടതി ചെലവായും നൽകാനാണ് വിധി.
തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയും ഡോ. പ്രദീപ് കുമാറും ചേർന്നാണ് ഈ തുക നൽകേണ്ടത്.
കാക്കയങ്ങാട് നടുക്കണ്ടി ഹൗസിൽ യു. ശശി 2018-ൽ നൽകിയ ഹർജിയിലാണ് കമ്മീഷൻ ഇപ്പോൾ നടപടി സ്വീകരിച്ചത്.
2017 ഓഗസ്റ്റ് ആറിനാണ് സൈക്കിളിൽ നിന്ന് വീണ് വയറിന് ഗുരുതരമായി പരിക്കേറ്റ അശ്വന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ രണ്ടാം ദിവസം കുട്ടി മരണപ്പെടുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യനില വഷളാകുന്നത് പലതവണ അറിയിച്ചിട്ടും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെന്ന് കമ്മീഷൻ കണ്ടെത്തി. ആശുപത്രി രേഖകളിൽ 'ഹൃദയസ്തംഭനം' (Cardiopulmonary Arrest) എന്നാണ് മരണകാരണമായി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, വയറിനകത്തെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
ചികിത്സിച്ച ഡോക്ടറുടെ മെഡിക്കൽ അനാസ്ഥയ്ക്ക് ആശുപത്രി അധികൃതർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. കുട്ടിയുടെ അകാലമരണവും മാതാപിതാക്കളുടെ മാനസിക വേദനയും പരിഗണിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ ഏഴ് ശതമാനം പലിശ സഹിതം ഈടാക്കാനും വിധിയിൽ വ്യക്തമാക്കുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. എൻ. ഉമേഷ് ഹാജരായി
