Zygo-Ad

സൗദിയിലെ പ്രവാസികളുടെ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി. സൗദി അംബാസഡർക്ക് കത്തയച്ചു.


തലശ്ശേരി : സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പാസ്‌പോർട്ട് പുതുക്കൽ പ്രതിസന്ധിയിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി. റിയാദിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചു. 

വി.എഫ്.എസ് ഗ്ലോബൽ വഴി നിലവിൽ നടപ്പിലാക്കുന്ന അപ്പോയിന്റ്‌മെന്റ് സിസ്റ്റത്തിലെ വലിയ കാലതാമസം മൂലം പ്രവാസികൾ നിയമക്കുരുക്കിലും സാമ്പത്തിക പ്രതിസന്ധിയിലുമാണെന്ന് എം.പി. കത്തിൽ ചൂണ്ടിക്കാട്ടി.

 മാസങ്ങളോളം കാത്തിരുന്നിട്ടും പാസ്‌പോർട്ട് പുതുക്കാനുള്ള അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നില്ലെന്ന നിരവധി പരാതികൾ പ്രവാസികളിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.പി.യുടെ അടിയന്തര ഇടപെടൽ.

പാസ്‌പോർട്ട് കാലാവധി കഴിയുന്നതോടെ പ്രവാസികളുടെ താമസ രേഖയായ 'ഇഖാമ' പുതുക്കാൻ സാധിക്കാതെ വരുന്നത് അവരുടെ സൗദിയിലെ താമസം നിയമവിരുദ്ധമാകാൻ കാരണമാകുന്നുണ്ട്. 

ഇത് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടാനും ശമ്പളം ലഭിക്കുന്നത് തടസ്സപ്പെടാനും ഇടയാക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ പോലും നാട്ടിലേക്ക് വരാൻ കഴിയാത്ത വിധം പ്രവാസികൾ പ്രതിസന്ധിയിലാണെന്നും ഷാഫി പറമ്പിൽ എം.പി. വ്യക്തമാക്കി. 

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികൾക്ക് പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്തത് തിരിച്ചടിയാകുമെന്നും അദ്ദേഹം അംബാസഡറെ അറിയിച്ചു.

ഈ ഗുരുതര സാഹചര്യം പരിഗണിച്ച് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ ശേഷി വർധിപ്പിക്കണമെന്നും പ്രതിദിന അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകളുടെ എണ്ണം കൂട്ടണമെന്നും എം.പി. ആവശ്യപ്പെട്ടു. 

കൂടാതെ, വിദൂര ദിക്കുകളിൽ കഴിയുന്ന പ്രവാസികൾക്കായി പ്രത്യേക പാസ്‌പോർട്ട് കോൺസുലാർ ക്യാമ്പുകൾ സംഘടിപ്പിച്ച് ഈ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ഷാഫി പറമ്പിൽ എം.പി. തന്റെ കത്തിലൂടെ അഭ്യർത്ഥിച്ചു.

വളരെ പുതിയ വളരെ പഴയ