Zygo-Ad

തലശ്ശേരി വടകര സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്: ഷാഫി പറമ്പിൽ എം.പി.യുടെ നിരന്തര ഇടപെടലുകൾ വിജയം കണ്ടു


തലശ്ശേരി: ഷാഫി പറമ്പിൽ എം.പി.യുടെ നിരന്തര ഇടപെടലുകൾ വിജയം കണ്ടു.

വടകര: വടകര പാർലമെന്റ് മണ്ഡലത്തിലെ ട്രെയിൻ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് പ്രധാനപ്പെട്ട ദീർഘദൂര ട്രെയിനുകൾക്ക് വടകര, തലശ്ശേരി സ്റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. 

ഷാഫി പറമ്പിൽ എം.പി. റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ നിരന്തരമായ സമ്മർദ്ദത്തിന്റെയും ഇടപെടലുകളുടെയും ഫലമായാണ് പുതിയ സ്റ്റോപ്പുകൾ യാഥാർത്ഥ്യമായത്. 

ജനുവരിയിൽ സർവ്വീസ് ആരംഭിച്ച നാഗർകോവിൽ - മംഗലാപുരം ജംഗ്ഷൻ അമൃത് ഭാരത് എക്സ്പ്രസിന് നേരത്തെ അനുവദിച്ച തലശ്ശേരി സ്റ്റേഷന് പുറമെ ഇപ്പോൾ വടകരയിലും സ്റ്റോപ്പ് അനുവദിച്ചത് യാത്രക്കാർക്ക് വലിയ നേട്ടമായി. ഇതോടൊപ്പം തിരുവനന്തപുരം നോർത്ത് - മംഗലാപുരം ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരി സ്റ്റേഷനിലും പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 

നിലവിൽ ആഴ്ചയിലൊരിക്കൽ മാത്രം സർവ്വീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസ് ഉടൻ തന്നെ ദിവസേനയുള്ള സർവ്വീസായി മാറ്റാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചതായും ഇത് ദീർഘദൂര യാത്രക്കാർക്ക് വലിയ പ്രയോജനം ചെയ്യുമെന്നും എം.പി. അറിയിച്ചു.

നേരത്തെ ജനുവരി മാസത്തിൽ തിരുവനന്തപുരം - വരവൽ എക്സ്പ്രസ്, ഭാവ് നഗർ ടെർമിനസ് എക്സ്പ്രസ്സ്, പൂനൈ എസ്.എഫ് എക്സ്പ്രസ്സ് എന്നീ മൂന്ന് ദീർഘദൂര ട്രെയിനുകൾക്ക് വടകരയിൽ സ്റ്റോപ്പ് അനുവദിച്ചതും എം.പി.യുടെ ഇടപെടലിനെത്തുടർന്നായിരുന്നു. 

മണ്ഡലത്തിലെ റെയിൽവേ വികസനത്തിന് കൂടുതൽ കരുത്തു പകരാൻ പുതുതായി സർവ്വീസ് ആരംഭിക്കുന്ന രാമേശ്വരം – മംഗലാപുരം വീക്കിലി എക്സ്പ്രസ്, താംബരം – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് കൊയിലാണ്ടി, വടകര, തലശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകിയതായും ഷാഫി പറമ്പിൽ എം.പി. വ്യക്തമാക്കി. 

യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ട്രെയിനുകൾക്ക് മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉറപ്പാക്കുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും എം.പി. അറിയിച്ചു.

വളരെ പുതിയ വളരെ പഴയ