Zygo-Ad

പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ്: തലശ്ശേരിയിൽ സ്ഥാപന ഉടമയായ മുഖ്യപ്രതി കൊച്ചിയിൽ പിടിയിൽ

 


തലശ്ശേരി: പലിശരഹിത സ്വർണ്ണ വായ്പ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻ മുക്ക് സ്വദേശി പി.പി. ഇസ്മയിൽ (42) ആണ് ധർമ്മടം പോലീസിന്റെ പിടിയിലായത്. കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന 'സിറ്റി അൽമാസ് ഗോൾഡ് ആൻഡ് ഡയമണ്ട്' എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടന്നത്. ധർമ്മടം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

തട്ടിപ്പിന്റെ രീതി ഇങ്ങനെ:

ഒരു വർഷത്തേക്ക് പലിശയില്ലാതെ സ്വർണ്ണ വായ്പ നൽകാമെന്നും, കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയം വെച്ച അതേ സ്വർണ്ണമോ അല്ലെങ്കിൽ പുതിയ മോഡലുകളോ നൽകാമെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ ഇരകളെ കണ്ടെത്തിയിരുന്നത്.

 * പരാതിക്കാരിയിൽ നിന്ന് 2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണ്ണാഭരണങ്ങൾ പ്രതികൾ കൈക്കലാക്കി.

 * സ്വർണ്ണം തിരികെ നൽകാമെന്ന് പ്രലോഭിപ്പിച്ച് പിന്നീട് 1,25,000 രൂപ കൂടി വാങ്ങി.

 * പണം നൽകിയിട്ടും സ്വർണ്ണമോ തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് വീട്ടമ്മ പോലീസിനെ സമീപിച്ചത്.

അന്വേഷണം ഊർജിതം:

കേസിൽ നേരത്തെ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇ പ്രകാശൻ, സി മുഹമ്മദ് ഷിബിൽ, ഏജന്റുമാരായ അബ്ദുസലിം, അഫ്സൽ എന്നിവരാണ് നേരത്തെ പിടിയിലായത്. പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 35-ഓളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ മേൽനോട്ടത്തിൽ ധർമ്മടം എസ്.ഐ ജെ. ഷജീം, സി.പി.ഒമാരായ ഹരിനാദ്, രതീഷ്, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.


thalassery-interest-free-gold-loan-scam-main--arrested-kochi

വളരെ പുതിയ വളരെ പഴയ