Zygo-Ad

ഇന്ത്യ എഐ സമ്മിറ്റിൽ തിളങ്ങി മലബാർ കാൻസർ സെന്ററിലെ സ്റ്റാർട്ടപ്പുകൾ; വെല്ലിറ്റിക്സിനും ഡോക്ടർ അസിസ്റ്റ് എഐക്കും പുരസ്കാരം


തലശേരി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന 'ഇന്ത്യ എഐ സമ്മിറ്റ് 2026'-ൽ മലബാർ കാൻസർ സെന്ററിന് (MCC) അഭിമാന നേട്ടം. 

എം.സി.സി.യുടെ ഇൻകുബേഷൻ സെന്ററായ 'മിന്റു'മായി (MINT) സഹകരിച്ച് പ്രവർത്തിക്കുന്ന വെല്ലിറ്റിക്സ് (Wellitix), ഡോക്ടർ അസിസ്റ്റ് എഐ (Dr. Assist AI) എന്നീ സംരംഭങ്ങളാണ് ദേശീയതലത്തിൽ ശ്രദ്ധേയമായ പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.

ഇന്ത്യ എഐ നാഷണൽ കാൻസർ ഗ്രിഡും സെന്റർ ഫോർ ഡിജിറ്റൽ ഓങ്കോളജിയും സംയുക്തമായി ഏർപ്പെടുത്തിയ ഗ്രാൻ്റ് എം.സി.സി.ക്ക് ലഭിച്ചു. 

ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ, ഐടി സെക്രട്ടറി കൃഷ്ണൻ എന്നിവരിൽ നിന്ന് വെല്ലിറ്റിക്സ് ഡയറക്ടർ ഡോ. ധീരജ്. ബി, മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. ബി. സതീശൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

പ്രധാന നേട്ടങ്ങൾ:

 • വെല്ലിറ്റിക്സ്: രാജ്യമെമ്പാടും നിന്ന് ലഭിച്ച മുന്നൂറിലധികം അപേക്ഷകളിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടംപിടിച്ചു. രോഗികളുടെ ചികിത്സാ വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യാനും ഡോക്ടർമാർക്ക് കൃത്യമായ തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്ന എഐ സാങ്കേതിക വിദ്യയാണിത്.

 • ഡോക്ടർ അസിസ്റ്റ് എഐ: ഇവർ അവതരിപ്പിച്ച 'എഐ ടൂൾസ് ഫോർ അഡ്വാൻസിങ് വാല്യം ബേസ്‌ഡ് കെയർ ഇൻ ഓങ്കോളജി' എന്ന പദ്ധതി രാജ്യത്തെ മികച്ച 35 സംരംഭങ്ങളുടെ പട്ടികയിൽ ഇടം നേടി.

പദ്ധതികളുടെ മെൻ്റർമാരായ ഡോ. ദീപക് റോഷൻ, ഡോ. പ്രവീൺകുമാർ ഷേണായ്, ഡോ. എം. ഗീത എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 2025-ൽ പ്രവർത്തനം ആരംഭിച്ച 'മിന്റിന്' കീഴിൽ നിലവിൽ ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ നിന്നുള്ള ഏഴ് സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മെഡിടെക് സ്റ്റാർട്ടപ്പുകൾക്ക് വലിയ പിന്തുണയാണ് ഈ ഇൻകുബേഷൻ സെന്റർ നൽകുന്നത്.




വളരെ പുതിയ വളരെ പഴയ