കോഴിക്കോട്: എരഞ്ഞിപ്പാലത്ത് കാൽനടയാത്രക്കാർക്കുള്ള ഫുട്‌പാത്തിലൂടെ സ്കൂട്ടർ ഓടിച്ച് നിയമം ലംഘിച്ച യുവാവിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. സംഭവത്തിൽ സ്കൂട്ടർ ഓടിച്ച കോഴിക്കോട് വേങ്ങേരി സ്വദേശിയുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. നിയമലംഘനം തടഞ്ഞ വയോധിക പ്രഭാവതിയമ്മയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി.
ലൈസൻസ് എത്ര മാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്ന കാര്യത്തിൽ എടപ്പാളിലെ നിർബന്ധിത ഡ്രൈവിംഗ് പരിശീലനത്തിന് ശേഷം തീരുമാനമെടുക്കും. പിഴ തുക സംബന്ധിച്ച കാര്യങ്ങൾ കോടതിയാകും നിശ്ചയിക്കുക. തിരക്കേറിയ ജംഗ്ഷനുകളിൽ മഫ്തിയിൽ ഉദ്യോഗസ്ഥരെ നിയമിക്കാനും പോലീസുമായി ചേർന്ന് പരിശോധന ശക്തമാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
പ്രഭാവതിയമ്മയ്ക്ക് അഭിനന്ദന പ്രവാഹം
നിയമലംഘനം ചോദ്യം ചെയ്ത പ്രഭാവതിയമ്മയെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രഭാവതിയമ്മയുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. അതിക്രമങ്ങൾക്കെതിരെ താൻ മുൻപും പ്രതികരിച്ചിട്ടുണ്ടെന്നും നിയമലംഘനങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും പ്രഭാവതിയമ്മ വ്യക്തമാക്കി
