വടകര: അറ്റകുറ്റപ്പണി നടത്താൻ തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ടാറിങ് വൈകുന്നതിനാല്‍ വടകര പഴയ ബസ് സ്റ്റാൻഡില്‍ പൊടിശല്യം രൂക്ഷമാകുന്നു.
ബസ് ഗതാഗതം തടസ്സപ്പെടുന്ന രീതിയിലുള്ള വലിയ കുഴികള്‍ രൂപപ്പെട്ടതിനെത്തുടർന്ന് മൂന്ന് മാസം മുൻപാണ് ഇവിടെ മെറ്റലും പാറപ്പൊടിയും ഉപയോഗിച്ച് കുഴികള്‍ അടച്ചത്.
എന്നാല്‍ ടാറിങ് നടത്താത്തതിനാല്‍ ബസുകള്‍ കയറി ഇറങ്ങുമ്പോള്‍ വലിയ രീതിയില്‍ പൊടി ഉയരുന്നത് യാത്രക്കാർക്കും തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ഒരു പോലെ ദുരിതമാകുകയാണ്. കുഴികളില്‍ നിറച്ചിരുന്ന പാറപ്പൊടി ഇളകി മറ്റ് ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന അവസ്ഥയാണ്.
ഇത് കാരണം വീണ്ടും ടാറിങ് നടത്തണമെങ്കില്‍ മെറ്റലും പൊടിയും പുതുതായി നിറയ്ക്കേണ്ടി വരും. ബസ് സർവീസ് നിർത്തി വെക്കുമെന്ന് ഉടമകള്‍ ഭീഷണി മുഴക്കിയപ്പോഴായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്.
എന്നാല്‍ നിലവിലെ പൊടി ശല്യത്തിനെതിരെ വ്യാപക പരാതി ഉയർന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടികളുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നാണ് പൊതുജന പക്ഷം.
