Zygo-Ad

സംസ്ഥാന പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം: മുഖ്യമന്ത്രി


തലശ്ശേരി: കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നല്‍കി പോലീസ് സ്റ്റേഷൻ എന്ന പഴയ സങ്കല്പം തന്നെ മാറിയ കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പോലീസ് സേനയുടെ പ്രഫഷണല്‍ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും സേനയെ ആധുനികവത്കരിക്കുന്നതിനുമായി തലശ്ശേരി സബ് ഡിവിഷണല്‍ പോലീസ് ഓഫീസില്‍ സജ്ജമാക്കിയ അത്യാധുനിക "നോളജ് റിപ്പോസിറ്ററി സെന്ററിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

30 ലക്ഷം രൂപ ചെലവഴിച്ചാണ് വിജ്ഞാനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. പോലീസ് സംവിധാനത്തെ ആധുനികവത്കരിക്കുന്നതിനും സേനാംഗങ്ങള്‍ക്കിടയില്‍ നിരന്തരമായ വിജ്ഞാന വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുടെ പ്രഫഷണല്‍ വികസനത്തിന് ആവശ്യമായ ഗവേഷണ-പരിശീലന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

നിയമ പുസ്തകങ്ങള്‍, മാന്വലുകള്‍, ഗവേഷണ പ്രബന്ധങ്ങള്‍, പ്രധാന കേസുകളുടെ പഠനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വിപുലമായ വിവരശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

നിയമപരമായ മാന്വലുകള്‍ക്കും പോലീസ് നടപടി ക്രമങ്ങള്‍ക്കുമായി പ്രത്യേക ലൈബ്രറി വിഭാഗവും പഴയ കേസുകള്‍ പഠിക്കാനും കുറ്റകൃത്യങ്ങളുടെ രീതികള്‍ വിശകലനം ചെയ്ത് പുതിയ പ്രതിരോധ തന്ത്രങ്ങള്‍ രൂപീകരിക്കാനും സഹായിക്കുന്ന റിസർച്ച്‌ ആൻഡ് റഫറൻസ് വിഭാഗവും ഇതിന്റെ പ്രത്യേകതയാണ്.

പരിശീലന മൊഡ്യൂളുകള്‍, റഫറൻസ് ഗൈഡുകള്‍, വർക്ക്ഷോപ്പുകള്‍ക്കും ചർച്ചകള്‍ക്കുമായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലങ്ങള്‍ എന്നിവയും സെന്ററിലുണ്ട്. 

ചരിത്ര രേഖകള്‍, പ്രധാന കേസ് ഫയലുകള്‍ തുടങ്ങിയവ വരുംകാല ഗവേഷണങ്ങള്‍ക്കും നയരൂപീകരണത്തിനുമായി സുരക്ഷിതമായി സൂക്ഷിക്കുന്ന ആർക്കൈവല്‍ വിഭാഗവും പദ്ധതിയുടെ ഭാഗമാണ്. 

ഉദ്യോഗസ്ഥർക്കിടയില്‍ അറിവ് പങ്കുവയ്ക്കാനും നൂതനമായ പോലീസ് രീതികളെക്കുറിച്ച്‌ ചർച്ച ചെയ്യാനുമുള്ള ഒരു പൊതു ഇടമായും ഈ കേന്ദ്രം പ്രവർത്തിക്കും.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. തലശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, വാർഡ് കൗണ്‍സിലർ ഷഹനാസ് മൻസൂർ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന വിഭാഗം എഡിജിപിഎച്ച്‌ വെങ്കടേഷ്, ഉത്തരമേഖല ഐജിപി രാജ്പാല്‍ മീണ, കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്‌. യതീഷ് ചന്ദ്ര, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്, കൂത്തുപറമ്പ് എസിപി എം.പി. ആസാദ്, കണ്ണൂർ സിറ്റി അഡീഷണല്‍ എസ്പി സജേഷ് വാഴളാപ്പില്‍ തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ