എടക്കാട് : ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായിഎടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപം അടിപ്പാത വേണമെന്ന ആവശ്യത്തില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു.
വിഷയം ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെ നിർണ്ണായക യോഗം ജനുവരി 24 ന് നടക്കും. ദേശീയപാത 66-ന്റെ വികസനം പുരോഗമിക്കവെ,എടക്കാട് പ്രദേശത്ത് ഗതാഗത കുരുക്ക് ഒഴിവാക്കാൻ പുതിയ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നത്.
നിലവില്‍ റെയില്‍വേ ഗേറ്റ് കടന്നെത്തുന്ന വാഹനങ്ങള്‍ സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
ഒ.കെ.യു.പി സ്കൂളിന് സമീപം അടിപ്പാത നിർമ്മിക്കുന്നതിന് പകരം, നിലവിലുള്ള ഊർപ്പഴശ്ശി റോഡിലെ അടിപ്പാതയില്‍ മാറ്റം വരുത്താനാണ് അധികൃതരുടെ നീക്കം.
എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും ഒരേസമയം വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയില്ലെന്നും കർമ്മസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
24 ന് ഉച്ചയ്ക്ക് എം.പിമാരും എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും യോഗം ചേർന്ന് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.
നാളത്തെ യോഗം പരാജയപ്പെട്ടാല്‍ ഈ മാസം 28 മുതല്‍ ബസ് സമരം ആരംഭിക്കുമെന്ന് ബസ്സുടമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.വിഷയത്തില്‍ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി. സദാനന്ദൻ എം.പി കത്തയച്ചിരുന്നു.
വിദ്യാർത്ഥികള്‍ക്കും പ്രദേശവാസികള്‍ക്കും യാത്രാ ദുരിതമില്ലാത്ത വിധം അടിപ്പാത നിർമ്മിക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികളും ബസുടമകളും.
