കോഴിക്കോട്: ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റില്‍
ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത അറസ്റ്റില്‍....
വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍ പോയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ, ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ഷിംജിത മുസ്തഫക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമുള്ള നീക്കത്തിലാണ് പൊലീസ്.
ബസ്സിലെ സിസിടിവി ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചെങ്കിലും നിര്‍ണ്ണായകമായ തരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
യാത്രക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാര്‍ പ്രതികരിച്ചിരുന്നു. ജീവനക്കാരുടെ മൊഴിയും ഒപ്പം ബസ്സില്‍ യാത്ര ചെയ്ത മറ്റുള്ളവരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.
സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാവുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം.
പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കയാണ്.


