Zygo-Ad

ബസില്‍ വച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് പോലീസിൽ പരാതി, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു: കോഴിക്കോട് യുവാവ് ജീവനൊടുക്കി


കോഴിക്കോട്: ബസില്‍ വെച്ച്‌ ലൈംഗിക അതിക്രമം കാട്ടിയെന്ന യുവതിയുടെ പരാതി, അതിന്റെ പേരിൽ യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചു. അത് വൈറലായതിന് പിന്നാലെ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടിലെ മുറിയിലാണ് ദീപകിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ തിരക്കുള്ള ബസില്‍ വെച്ച്‌ ദീപക് തന്നോട് അപമര്യാദയായി പെരുമാറിയെന്നും ശരീരത്തില്‍ സ്പർശിച്ചെന്നും ആരോപിച്ച്‌ ഒരു യുവതി രംഗത്തെത്തിയിരുന്നു. ഇവർ വടകര പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ബസിനുള്ളില്‍ വെച്ച്‌ യുവതി തന്നെ ദീപകിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

യുവതി വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്നും തിരക്കുള്ള ബസില്‍ അറിയാതെ തട്ടിയതിനെ അതിക്രമമായി ചിത്രീകരിക്കുകയായിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. നിരപരാധിയായിട്ടും അപമാനിതനായതിലുള്ള മനോവിഷമമാണ് ദീപകിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ