കോഴിക്കോട്: അർധ രാത്രിയില്‍ സ്റ്റോപ്പില്‍ ഇറങ്ങാൻ മറന്നു പോയ അമ്മയ്ക്കും കുഞ്ഞിനും തുണയായത് കെഎസ്‌ആർടിസി ജീവനക്കാരുടെ മാതൃകാപരമായ ഇടപെടല്‍.
തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സിലെ (KL-15-A-2964) ജീവനക്കാരാണ് ഈ നന്മയ്ക്ക് പിന്നില്‍.
എറണാകുളം വൈറ്റിലയില്‍ നിന്നുമാണ് യുവതിയും കുഞ്ഞും ബസില്‍ കയറിയത്. മലപ്പുറം വളാഞ്ചേരിക്കടുത്തുള്ള ചങ്കുവെട്ടിയിലായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്നത്.
എന്നാല്‍ യാത്രയ്ക്കിടയില്‍ അമ്മയും കുഞ്ഞും ഉറങ്ങിപ്പോയി. ചങ്കുവെട്ടി സ്റ്റോപ്പ് കഴിഞ്ഞ് ബസ് ഏറെ ദൂരം മുന്നോട്ട് പോയ ശേഷമാണ് തങ്ങള്‍ ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞുപോയ വിവരം യുവതി അറിയുന്നത്.
ഈ സമയം ഹൈവേയിലൂടെ ബസ് ഏറെ ദൂരം പിന്നിട്ടിരുന്നു. സാധാരണ ഗതിയില്‍ ഹൈവേയില്‍ വണ്ടി തിരിക്കുക പ്രായോഗികമല്ല. ആദ്യം ഇവരെ മറ്റേതെങ്കിലും ബസില്‍ കയറ്റി വിടാൻ ശ്രമിച്ചെങ്കിലും അർധരാത്രിയായതിനാല്‍ വണ്ടികളൊന്നും ലഭിച്ചില്ല. തുടർന്ന് മറ്റ് യാത്രക്കാരുടെ കൂടി സമ്മതത്തോടെ ബസ് തിരിക്കാൻ ജീവനക്കാർ തീരുമാനിച്ചു.
ഏതാണ്ട് 17 കിലോ മീറ്ററോളം സഞ്ചരിച്ചാണ് ഇവരെ ഇറങ്ങേണ്ട സ്റ്റോപ്പിലെത്തിച്ചത്. ചങ്കുവെട്ടിയില്‍ ഇവരെ കാത്ത് യുവതിയുടെ സഹോദരൻ എത്തിയിരുന്നു. സുരക്ഷിതമായി അവരെ സഹോദരനെ ഏല്‍പ്പിച്ച ശേഷമാണ് ബസ് യാത്ര തുടർന്നത്.
