കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ പതിനാറുകാരനെ സഹപാഠികളും സുഹൃത്തുക്കളും ചേർന്ന് അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. കൽപ്പറ്റ കുറ്റിക്കുന്ന് സ്വദേശി കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫി (18) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തെ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മർദ്ദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ നാഫി മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇയാൾക്ക് പ്രായപൂർത്തിയായോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നതിനാൽ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 18 വയസ്സ് തികഞ്ഞതായി വ്യക്തമായതോടെ ആശുപത്രിയിൽ നിന്നിറങ്ങിയ ഉടൻ പോലീസ് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. നാഫി മറ്റൊരു കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
ക്രൂരതയുടെ ദൃശ്യങ്ങൾ:
ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് പതിനാറുകാരനെ ഫോൺ ചെയ്ത് വിളിച്ചുവരുത്തി സംഘം മർദ്ദിച്ചത്. മർദ്ദനമേറ്റ കുട്ടിയെക്കൊണ്ട് നിർബന്ധിപ്പിച്ച് കാലുപിടിപ്പിക്കുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. വടികൊണ്ട് തലയ്ക്കും മുഖത്തും അതിക്രൂരമായി അടിക്കുമ്പോഴും കുട്ടി പ്രാണരക്ഷാർത്ഥം കേണപേക്ഷിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കൽപ്പറ്റ ഇൻസ്പെക്ടർ എ.യു. ജയപ്രകാശിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. വിമൽ ചന്ദ്രനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി കൗൺസിലിംഗിന് വിധേയമാക്കി.
