വടകര: ജ്യൂസ് കുടിക്കാനായി കടയില്‍ കയറിയ യാത്രക്കാരന്റെ പേഴ്‌സ് കവര്‍ന്ന പോക്കറ്റടിക്കാരനെ അതിസാഹസികമായി പിടികൂടി വടകര എസ്.ഐ മനോജും മാഹി എസ്.ഐ ജിജിത്തും. വ്യാഴാഴ്ച് രാവിലെയാണ് സംഭവം.
പോക്കറ്റടിക്കാരനില്‍ നിന്നും കണ്ടെടുത്ത പേഴ്‌സും പണവും ഉടമസ്ഥനായ മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ആയിരുന്ന ശിവദാസന് പോലീസ് തിരികെ നല്‍കി.
രാവിലെ ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ഒരു കടയില്‍ ജ്യൂസ് കഴിക്കാനായി കയറിയപ്പോഴാണ് ശിവദാസന്റെ പേഴ്‌സ് മോഷണം പോയത്. വടകര, മാഹി പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്തമായ ഇടപെടലാണ് പ്രതിയെ അതിവേഗം വലയിലാക്കാന്‍ സഹായിച്ചത്.
പ്രതി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പ്രതിയെ പരിശോധിച്ചതില്‍ നിന്നും പേഴ്‌സില്‍ നിന്നും നഷ്ടമായ പണം ലഭിച്ചു. പണം മാത്രം എടുത്ത ശേഷം പ്രതി പേഴ്‌സ് വലിച്ചെറിയുകയായിരുന്നു.
തിരച്ചിലിനൊടുവില്‍ പേഴ്‌സും അതിലുണ്ടായിരുന്ന രേഖകളും തിരികെ കിട്ടി. കൃത്യ സമയത്ത് ഇടപെട്ട് പണം വീണ്ടെടുത്തു നല്‍കിയ ഉദ്യോഗസ്ഥരായ മനോജിനും ജിജിത്തിനും നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
