തലശ്ശേരി: നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നടപ്പിലാക്കുന്ന 'പ്രോജക്ട് സിറ്റി വാച്ച്' പദ്ധതിയുടെ ഭാഗമായി പുതുതായി സ്ഥാപിച്ച 60 സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
തലശ്ശേരി നവരത്‌ന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ് ഉദ്ഘാടനം നിർവ്വഹിച്ചു. തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നഗരസഭയുടെയും വ്യാപാരി സംഘടനകളുടെയും പൊതുജനങ്ങളുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് 60 ക്യാമറകൾ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കുറ്റകൃത്യങ്ങൾ തടയാനും ഗതാഗത നിയന്ത്രണം സുഗമമാക്കാനും സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ചടങ്ങിൽ തലശ്ശേരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഡോ. നന്ദഗോപൻ ഐപിഎസ്, ഇൻസ്പെക്ടർ ഓഫ് പോലീസ് ബിജു പ്രകാശ്, വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ പി.കെ. നിസാർ, കെ.വി.വി.ഇ.എസ് തലശ്ശേരി യൂണിറ്റ് പ്രസിഡന്റ് . ജവാദ് അഹമ്മദ്, കെ.എച്ച്.ആർ.എ വർക്കിങ്ങ് പ്രസിഡന്റ് . കെ.പി. ഷാജി, വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ സെക്രട്ടറി സി.പി.എം നൗഫൽ, തലശ്ശേരി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് സബ് ഇൻസ്പെക്ടർ ശ്രീ. അശോകൻ പാലോറാൻ എന്നിവർ സംബന്ധിച്ചു.
