കോഴിക്കോട്: ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയില്‍ പുഴയില്‍ വീണ് ആറ് വയസ്സുകാരി മുങ്ങി മരിച്ചു.
ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി. ഹൗസില്‍ കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകള്‍ അബ്റാറ ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. ഫറോക്കില്‍ നിന്ന് ട്രാവലറില്‍ എത്തിയ വിനോദ സഞ്ചാര സംഘത്തിലായിരുന്നു അബ്റാറയും കുടുംബവും.
പുഴയുടെ കരയിലിരുന്ന് അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടി മറ്റു കുട്ടികള്‍ക്കൊപ്പം പുഴയില്‍ കളിക്കാനിറങ്ങിയത്.
പുഴയില്‍ അധികം വെള്ളമില്ലാത്ത (കാല്‍മുട്ടു വരെ മാത്രം വെള്ളമുള്ള) ഭാഗത്തായിരുന്നു കുട്ടികള്‍ കളിച്ചിരുന്നത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കുട്ടി അപകടത്തില്‍പ്പെട്ട ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നല്‍കി.
തുടർന്ന് ഉടനടി കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാരിസ് ആണ് അബ്റാറയുടെ സഹോദരൻ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
